മനോനടത്തം – സിനിമ

മാനവ ജീവിതത്തിന് പുതിയ മാനം പകരുന്ന ചിന്തകനാണ് ഫ്രിജോഫ് കാപ്ര. കഴിക്കുന്ന പാത്രങ്ങൾ മാത്രം തിളങ്ങിയാൽ പോരാ, വസിക്കുന്ന ഭൂമിയുടെ കവർന്ന തിളക്കം കൂടി മടക്കി നൽകേണ്ടതില്ലേ എന്ന് ആർജ്ജവത്തോടെ ചോദ്യം ചെയ്യാൻ കരുത്തുള്ള പരിസ്ഥിതിവാദി !

കാപ്രയുടെ, 1982ൽ പിറന്ന, The Turning Point അഥവാ വഴിത്തിരിവ് എന്ന ഗ്രന്ഥം, ലോകത്തിൻ്റെ നാശോന്മുഖ പ്രയാണത്തിൽ ദു:ഖിതരും സ്വന്തം പ്രവർത്തനമേഖലകളിൽ പ്രതിഭകളുമായ ഒരു കവിയും, ശാസ്ത്രജ്ഞയും, രാഷ്ട്രീയ നേതാവും ഒരുമിച്ചു കണ്ടാൽ, തമ്മിൽ ചർച്ച ചെയ്യുന്നത് എന്താവുമെന്ന വിശകലന പാഠമാണ്. കാപ്രയുടെ സഹോദരനായ ബേൺഡ് കാപ്ര,1990 ൽ Mindwalk അഥവാ മനോനടത്തം, എന്ന പേരിൽ, വഴിത്തിരിവ് ചലച്ചിത്രമാക്കിയപ്പോൾ, ബൗദ്ധികചിന്തകളുടെ അപൂർവ്വ ദൃശ്യവിരുന്നായി അത് പരിണമിച്ചു.

ഫ്രാൻസിലെ ഒരു ദ്വീപിൽ, Monastery Bell Tower ൽ നടക്കുന്ന ഒരു പകൽ സംവാദം, ഭൗതിക ശാസ്ത്രത്തിൻ്റെ, രാഷ്ട്രമീമാംസയുടെ, കാവ്യാത്മകതയുടെ പുനരവലോകനവും, പുതു ലോക നിർമ്മിതിയുടെ കിനാവു കാണലുമായി പരിണമിക്കുന്നു.

ആത്മീയാന്വേഷണത്തിൻ്റേയും, ബോധോദയത്തിൻ്റേയും തുരുത്തായി കൽപ്പിക്കപ്പെടുന്ന മണി ഗോപുരത്തിൽ, ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന യാത്രാ ഗൈഡ്, മരണത്തിൻ്റെ അനിവാര്യതയേയും, എല്ലാ പദാർത്ഥങ്ങളിലുമടങ്ങിയ വിവരണാതീതമായ, പരസ്പര ബന്ധിതവും, അനന്തവുമായ ഇടങ്ങളുടെ മാതൃകയും, കഥാപാത്രങ്ങൾക്കും കാണികൾക്കും ഒരുപോലെ, അവ്യാചമായ ആന്തരീക ശുദ്ധീകരണത്തിന് അവസരം നൽകുന്നു.

പ്രകൃതിയും പ്രപഞ്ചവും മനുഷ്യനും അനേക ഭാഗങ്ങൾ കൂട്ടിച്ചേർത്ത ഘടികാരമാണെന്ന യന്ത്രവൽകൃതചിന്ത, താളാത്മകത, സന്തുലിതാവസ്ഥ, ചലനശേഷി, കൃത്യത ഇവ കൂടിച്ചേരുന്ന കേവലമൊരു യന്ത്രമായി മാത്രമാണ് ഇന്നത്തെ ലോകത്തെ നാം നോക്കിക്കാണുന്നതെന്ന് നടുക്കത്തോടെ അറിയാനാവും.

കടം തിരിച്ചടയ്ക്കാനായി സ്വന്തം കുഞ്ഞുങ്ങളെ പട്ടിണിക്കിടേണ്ടി വരുന്ന മൂന്നാം ലോക രാഷ്ട്രങ്ങളും, യുദ്ധക്കൊതി മൂത്ത് പുതിയ പ്രതിസന്ധികളിൽപ്പെട്ടുഴലുന്ന വികസിത രാജ്യങ്ങളും, ആരോഗ്യം ജീവിത ശൈലിയുമായി ഇഴപിണഞ്ഞിരിക്കുന്നുവെന്ന സത്യം, ഒരുപോലെ വിസ്മരിക്കുന്നു.

രോഗഗ്രസ്തമാവുന്ന സമൂഹം, ബുദ്ധിമുട്ടിക്കുന്ന ഭാഗത്തെ മുറിച്ചുനീക്കി, സുഖപ്പെട്ടുവെന്ന് പ്രഖ്യാപിക്കുമ്പോൾ, ഇടപെടലല്ല മറിച്ച് പ്രതിരോധമാണ് കരുത്ത് എന്ന പൈതൃകജ്ഞാനം, നിർഭാഗ്യവശാൽ പാടേ തമസ്ക്കരിക്കപ്പെടുന്നു.

യാന്ത്രിക സങ്കേതങ്ങളുമായി പ്രകൃതിയെ ക്രൂരമായി ഉപദ്രവിക്കുന്ന ശാസ്ത്രലോകത്തെപ്പറ്റി പരിതപിക്കുന്ന ഫ്രാൻസിസ് ബേക്കനും, വേറിട്ട കാഴ്ചപ്പാടുണ്ടായാൽ മാത്രം ജനിക്കുന്ന, അനന്ത സാധ്യതയെ ഉയർത്തിക്കാട്ടുന്ന, വില്യം ബ്ലേക്കും സാഹിത്യ ലോകത്തെ തിരുത്തൽവാദികളായി കടന്നു വരുമ്പോൾ, പട്ടിണിയും, സ്വാഭാവിക വനങ്ങളുടെ നാശവും, ആരോഗ്യ പ്രശ്നങ്ങളും പരസ്പര ബന്ധിതമെന്ന ഉൾക്കാഴ്ച രൂപപ്പെടുന്നു.

പ്രപഞ്ചമാറ്റങ്ങളേയും ജനങ്ങളുടെ കാഴ്ചപ്പാടിനേയും കൂട്ടിയോജിപ്പിക്കാൻ കെൽപ്പുള്ള രാഷ്ട്രീയ നേതൃത്വം, പ്രകൃതിയുടെ വിധ്വംസക ആണഹങ്കാരങ്ങളെ നിരാകരിച്ച്, കാരുണ്യം വർഷിക്കുന്ന പ്രകൃതിയുടെ പെൺ താളങ്ങളെ വീണ്ടെടുക്കണം. ഇവിടെ ഭാരതീയ സംസ്കൃതിയുടെ ശിവശക്തി സംയോഗമായ താണ്ഡവനടനവും കാപ്ര ലളിതമായി ആവിഷ്ക്കരിക്കുന്നു!

അറിവെന്ന വെളിച്ചം, ഒരേ സമയം സൃഷ്ടിപരവും വിനാശകരവുമെന്ന്, ശാസ്ത്ര മുന്നേറ്റങ്ങളും, ഹിരോഷിമയിലെ മനുഷ്യചാരവും യഥാക്രമം ആവിഷ്ക്കരിച്ച്, മരമെന്നാൽ ഇല, വേര്, ശിഖരം എന്ന ഭാഗങ്ങളല്ല അതിനുമപ്പുറം, ഋതുഭേദങ്ങളും, മണ്ണും വിണ്ണുമായുള്ള പാരസ്പര്യവുമാണ്, അതിനാൽ വേരും ഫംഗസ്സും, അനുപേക്ഷണീയമായ ശൃംഖലക്കണ്ണികളാണെന്നപരമസത്യവും
അനാവൃതമാവുന്നു.

നെരൂദയുടെ കവിതയിലെ കാറ്റിൽ കുടുങ്ങിപ്പോകുന്ന മീനുകളെ പോലെ, നാം അവനവനെത്തന്നെ തിരിച്ചറിയാതെ പോകുമ്പോൾ, സ്വത്വം നിലനിർത്തി കൂട്ടത്തിലും, പുത്തൻ കോശ നിർമ്മിതിയാൽ പ്രതിദിനം, പുനർജ്ജന്മം നേടുന്നു. പരിണാമ സിദ്ധാന്തത്തെ സൃഷ്ടിപരമെന്ന് നമുക്ക് പുനരാഖ്യാനം ചെയ്യാമെന്ന പ്രസാദാത്മക ചിന്തയിൽ ജാക്ക്, ഹാരിമാൻ, സോണിയ എന്നിവർ വഴി പിരിയുന്നു!