മാതൃക

മുന്നോട്ടുള്ള ജീവിതപ്രയാണത്തിന് മറ്റുള്ളവരെ മാതൃകയാക്കുന്നത് മനുഷ്യർ മാത്രമാണ്. മുതിർന്നവരെപ്പോലെയാകാൻ കൊതിക്കുന്ന കുഞ്ഞുങ്ങൾ, കുട്ടികളായി മാറാൻ കിനാവു കാണുന്നവർ, ലോകം മഹത്തുക്കളെന്ന് ഗണിക്കുന്ന എഴുത്തുകാർ, ശാസ്ത്രജ്ഞർ, സന്യാസ ശ്രേഷ്ഠർ എന്നിവരുടെയൊക്കെ പാത പിന്തുടരുന്നവർ… അങ്ങനെ നമുക്ക് മാതൃകകൾ അനവധിയാണ്.

മനുഷ്യൻ പുരോഗതിക്കായി അനുനിമിഷം കാംക്ഷിക്കുന്നുവെന്നതിനാലാണ് പകർത്താൻ വേണ്ട ബിംബങ്ങൾ അവൻ ചുറ്റിലും തേടുന്നത്. അതിനാൽ നിർഭാഗ്യവശാൽ പോലും ലോകത്തിന് അപച്യുതി വരുത്തിയ മാതൃകകൾ പകർത്തപ്പെടരുത്. തനിക്കും ചുറ്റുമുള്ളവർക്കും രാഷ്ട്രത്തിനും ലോകത്തിനും കരുത്തു പകരുന്ന മാതൃകകൾ കണ്ടെത്താനും സ്വയം മാതൃകയാവാനും ഏവർക്കും സാധിക്കട്ടെ.