അത്ഭുതം

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെ ജീവിതം തന്നെയാണ്. എണ്ണമറ്റ നക്ഷത്ര സമുച്ചയങ്ങളും കോടാനുകോടി ഇതര ഗോളങ്ങളും നിറഞ്ഞ പ്രപഞ്ചം, അതിലൊരു കോണിൽ ലക്ഷക്കണക്കിന് വൈവിധ്യത്തിലുള്ള സസ്യജന്തുജാലങ്ങൾക്കൊപ്പം ഏറെ സങ്കീർണ്ണമായ ഒരു ശരീരവും അതിലും അത്ഭുതകരമായ ഒരു മനസ്സും പേറിയ മനുഷ്യ ജീവിതം!

അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അറിയാതെ നാം രൂപപ്പെടുത്തുന്ന സ്വപ്ന പദ്ധതികൾ! മരണമെന്ന അനിവാര്യമായ അവിചാരിതയെ മറന്നുള്ള പ്രവർത്തനങ്ങൾ! എല്ലാമറിഞ്ഞുവെന്ന് അഹങ്കരിക്കുമ്പോൾ ഒന്നും തന്നെ അറിയാമായിരുന്നില്ല എന്ന സത്യം! അഴിയുന്തോറും മുറുകുകയും അകലുന്തോറും അടുക്കുകയും കണ്ട കാഴ്ചകളേക്കാൾ കാണാത്തവയുടെ ഏറുന്ന വശ്യതയും ജീവിതം പ്രഹേളികയ്ക്കു സമമാക്കുന്നു. നമുക്കേവർക്കും ലഭിച്ച അത്ഭുത ജീവിതം പൂർണ്ണമായി ആസ്വാദ്യകരമാക്കാൻ യത്നിക്കാം.