ജീവിതം പോലെ സംഭവ ബഹുലവും ആകാംക്ഷാഭരിതവും സന്തോഷപ്രദവും സാഹസികവും ഉത്തേജക പൂർവ്വവുമായ മറ്റൊരു യാത്രയുമില്ല. നാമോരോരുത്തരും ഒറ്റയ്ക്കാണ് തുടക്കവും ഒടുക്കവുമെങ്കിലും യാത്രയിലുടനീളം സഹയാത്രികർ ധാരാളമുണ്ടാവാറുണ്ട് എന്നതിനാൽ ഒരേ സമയം ഏകാന്തവും കൂട്ടുകൂടലും ചേർന്നതാണ് വിചിത്രമായ ജീവിതയാത്ര.
ആരൊക്കെ എവിടെ, എപ്പോൾ വഴിപിരിയുമെന്ന് നമുക്കറിയില്ലാത്തതിനാലാണ് ജീവിതത്തെ വഴിയമ്പലമെന്ന് വിലയിരുത്തുന്നത്. എല്ലാ പ്രയാണങ്ങളും പോലെ സഹവർത്തിത്വം, സമാധാനം, സന്തോഷം, സമൃദ്ധി എന്നിവയത്രേ ജീവിതായനത്തിനും മുതൽക്കൂട്ട്. വിസ്മയം പോലെ ലഭിക്കുന്ന ഓരോ നിമിഷത്തേയും സാർത്ഥകമാക്കുക വഴി നമുക്ക് ജീവിതപ്രയാണം സമ്പുഷ്ടമാക്കാം.