ലഹരി

മനസ്സിനും ശരീരത്തിനും ഉത്തേജനം നൽകി നവോന്മേഷം പകരുന്നതെന്തും ലഹരിയാണ്. ഭക്തി, സാമൂഹ്യ സേവനം, വായന, കലകൾ, ശരീര സംരക്ഷണം, പ്രകൃതി സ്നേഹം, ആത്മാന്വേഷണം എന്നിവയൊക്കെ ലഹരിയായി ഉപാസിക്കുന്നവരുണ്ട്. പുരോഗതിയും പ്രതിബദ്ധതയും കുടുംബവും ബന്ധങ്ങളും സ്നേഹവും ആദർശങ്ങളുമെല്ലാം എന്നും മനുഷ്യന്റെ ലഹരികൾ തന്നെയാണ്.

എന്നാൽ അധോമുഖമായി ജീവിതത്തെയും ലോകത്തെയും മാറ്റിമറിക്കുന്ന വിധ്വംസക സ്വഭാവത്തിലുള്ള ലഹരികൾ ആധുനിക സംസ്കാരത്തിൽ ഏറി വരുന്നുവെന്നത് ആശാസ്യകരമല്ല. ഉപഭോഗതൃഷ്ണയുടെ ഭ്രാന്ത് ലഹരിയുടെ നിർവ്വചനവും രീതിയും പാടെ മാറ്റി എഴുതി. മനുഷ്യന്റെയും സമൂഹത്തിന്റേയും മനസ്സും ശരീരവും അധ:പതിക്കുന്ന, മൃഗീയവാസനകളെ ഉണർത്തുന്ന ഇത്തരം ലഹരി വെടിയുക തന്നെ വേണം. പരസ്പരസ്നേഹവും ബന്ധങ്ങളും ഊഷ്മളതയും ജീവിതത്തോടുള്ള അനുരാഗവും ഏവരിലും ലഹരിയായി മാറട്ടെ.