മനുഷ്യ പുരോഗതിയുടെ ആധാരശിലകൾ അവന്റെ ചിന്തകളും, ഭാവന കൊള്ളാനുള്ള മനസ്സുമാണ്. ക്ഷതി ഇല്ലാത്ത അക്ഷരങ്ങളുടെ കണ്ടെത്തൽ എന്നത് ഒരു നാഴികക്കല്ലായി കരുതപ്പെടുന്നതും ആ നിലയിൽ തന്നെയാണ്. പ്രതിഭാ സ്പർശം രൂപപ്പെടുന്ന ശക്തമായ ഇടങ്ങളിലൊന്നാണ് എഴുത്തുകൾ.
വായനയിലൂടെ ഒരുവന് അപരൻ്റെയും, ഒരു ജനതയുടേയും, തൻ്റെ തന്നെയും സ്വത്വം തിരിച്ചറിയാം. ജനിമൃതികൾക്കപ്പുറം ജീവിത സത്യങ്ങൾ, ദർശനങ്ങൾ, അറിവിൻ്റെ അത്ഭുതമുത്തുകൾ, മാനവചരിത്രം, പ്രപഞ്ചത്തിൻ്റെ പൊരുൾ ഇവയൊക്കെ അനാവൃതമാക്കാൻ വായന സഹായിക്കും. അറിഞ്ഞതൊക്കെ മനനം ചെയ്യുമ്പോഴാണ് ജീവിതം വിളഞ്ഞു വിരിയുക.