വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ പ്രതിബദ്ധത

ജീവൻ ഉടലെടുത്താലുടൻ സംഭവിക്കുന്ന പ്രക്രിയ വിദ്യാഭ്യാസമാണ്. വീട്ടറിവ്, നാട്ടറിവ്, പ്രാഥമിക വിദ്യ, സ്കൂളറിവ്, കലാലയ ജ്ഞാനം, ലോകജ്ഞാനം ഇങ്ങനെ ചിതയിലൊടുങ്ങും വരെ, ശ്വസനം പോലെ നിരന്തരമായി നടക്കുന്ന മറ്റൊരു പ്രക്രിയയുമില്ല തന്നെ!

ഉന്നത വിദ്യാഭ്യാസമെന്നത് സാമൂഹ്യവികസനത്തിന്റെ ഉത്തേജകമായി മാറുകയും സമാധാനം, സുസ്ഥിരവികസനം, സ്വാതന്ത്ര്യം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിനെപ്പറ്റി ലോകവ്യാപകമായി, എന്നും ചർച്ചകളും ഗവേഷണങ്ങളും നടന്നു വരുന്നു.
വർദ്ധിച്ചുകൊണ്ടിരിക്കുന്ന ചൂഷണവും, ദാരിദ്ര്യവും ഒരു വശത്തും, മാരകമായ പരിസ്ഥിതിമലിനീകരണം മറുവശത്തും, അതിനൊക്കെ പുറമേ മനുഷ്യജീവനുമേൽ കരിനിഴൽ വീഴ്ത്തി ഒരു ചെറിയ വൈറസ്സ് മഹാമാരിയായി നിൽക്കുമ്പോൾ, ഏറെ പ്രസക്തവും, നിർണ്ണായകവുമായി മാറിയ ഒരാശയമാണ് വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ പ്രതിബദ്ധത.

പുതിയ ലോകത്തിലെ മാറിയ തൊഴിൽ സാദ്ധ്യതകൾ നേടണമെങ്കിൽ ഉന്നത വിദ്യാഭ്യാസം അനിവാര്യമാണ്. പഴയ തലമുറയ്ക്ക് ഹൈസ്ക്കൂൾ പഠനം കൊണ്ട് തൊഴിലും സാമ്പത്തികഭദ്രതയും ലഭിച്ചിരുന്നെങ്കിൽ, ഇന്ന് കോളേജ് വിദ്യാഭ്യാസമില്ലാതെ ജോലി എന്ന സ്വപ്നം, നിർഭാഗ്യവശാൽ യാഥാർഥ്യമാകുന്നുമില്ല.

ഒരു പ്രദേശത്തിന്റെ സമ്പൂർണ്ണ വികസനത്തിന് നേതൃസ്ഥാനം വഹിക്കേണ്ടവരാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് നാം തിരിച്ചറിയുകയും, ഏറെ ശ്രദ്ധയോടെ, അതിലേറെ കരുതലോടെ ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്യുന്നു എന്നത് സ്വാഗതാർഹമാണ്.

സമ്പൂർണ്ണ അണു കുടുംബങ്ങൾ, പൂർണ്ണമായിക്കൊണ്ടിരിക്കുന്ന, ഏതാണ്ട് അവസാനിച്ച ദേശാന്തരഗമനം, വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം ഉയർത്തുന്ന വെല്ലുവിളികൾ, സ്ത്രീത്വത്തിനു നേരെയുള്ള കടന്നാക്രമണങ്ങൾ, കാർഷിക മേഖലയുടെ തകർച്ച, മദ്യപാനം ഉയർത്തുന്ന വെല്ലുവിളികൾ, ഇവയൊക്കെ വർത്തമാന കേരളം അഭിസംബോധന ചെയ്യേണ്ട ഗൗരവതരമായ വിഷയങ്ങളാണ്. പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങൾ പ്രായോഗിക തലത്തിൽ കൊണ്ടുവന്നാൽ നാടിന്റെ വികസനത്തിന് വലിയ സംഭാവനകൾ ചെയ്യാൻ നമ്മുടെ യുവതലമുറയ്ക്ക് കഴിയും.

വികേന്ദ്രീകൃത വികസനത്തെ ജനങ്ങളിലെത്തിക്കാൻ ധാരാളം സംവിധാനങ്ങൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ അഴിമതി, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം തുടങ്ങിയ സാമൂഹ്യ തിന്മകളെ ഉന്മൂലനം ചെയ്ത് സുതാര്യത, നിഷ്പക്ഷത, സത്യസന്ധത, ദേശീയത തുടങ്ങിയ മൂല്യങ്ങളെ വിശ്വാസപ്രമാണമാക്കിയ ഒരു യുവ തലമുറ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഈ മികവ് അഥവാ Capacity building, വിദ്യാർത്ഥികളിൽ നിറയ്ക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കും. മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന ഇത്തരം സ്ഥാപനങ്ങളുടെ വളർച്ചക്കൊപ്പം നാടിന്റെ വികസനവും സാധ്യമാവുന്നു.

സഹജീവി സ്നേഹം, കൊടുക്കൽ വാങ്ങൽ, ലളിത ജീവിതവും മഹദ് ചിന്തകളും, സഹവർത്തിത്വം തുടങ്ങിയ സംസ്കൃതി പാകി പരുവപ്പെടുത്തിയ ജീവിത മൂല്യങ്ങളും കൂടിച്ചേർന്നാലേ വിദ്യാഭ്യാസം പൂർണ്ണമാവു. അത് നേടുന്ന പക്ഷം സ്വർണ്ണത്തിന് സുഗന്ധം പോലെ നമ്മുടെ ജീവിതം പ്രശോഭിക്കും.