ഭാരതം – മാതൃ സങ്കല്പം

നാഷണൽ ജ്യോഗ്രഫിക് ചാനൽ അതിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഏറെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു പുഴ നീന്തിക്കടക്കുന്ന തൻ്റെ കുഞ്ഞിനെ, മുതല പിടിക്കാതിരിക്കാൻ തിരികെ നീന്തി സ്വയം സമർപ്പിതമാവുന്ന പേടമാൻ്റെ ചിത്രം! തന്നെ കടിച്ചിരിക്കുന്ന മുതലയിലല്ല അമ്മയുടെ നോട്ടം, നീന്തിയക്കരയ്ക്ക് നീങ്ങുന്ന മാൻ കുഞ്ഞിലാണ്!

ഇതാണ് മാതൃത്വം. അതിന് മനുഷ്യനെന്നോ പക്ഷിയെന്നോ മൃഗമെന്നോ വ്യത്യാസമില്ല. ത്യാഗസുരഭിലമായ, ആത്മാർപ്പിതമായ, കുഞ്ഞിൻ്റെ ക്ഷേമതൽപ്പരമായ ഒരു ജന്മം, മനോഭാവം. കാലങ്ങൾക്കു മുമ്പേ മാതൃവന്ദന ഭാവങ്ങളുണ്ടായിരുന്നു ഭാരതത്തിലും, ഗ്രീസിലും. എന്നാൽ അമേരിക്കയിൽ രക്ഷാകർതൃത്വം ക്ലബ് രൂപത്തിൽ പരിശീലിപ്പിച്ചു വന്ന റീവ്സ് ജാർവിസ് തൻ്റെ അമ്മയായ അന്നയുടെ സ്മരണാർഥം അമ്മ ദിനം മെയ് 10 എന്ന രീതിയിൽ തുടങ്ങിയത്, പിൽക്കാലത്ത് ലോകമെമ്പാടും ആഘോഷിക്കപ്പെട്ടു.

ഭാരതത്തിലാകട്ടെ, സ്ത്രീയെന്നാൽ അമ്മ സങ്കൽപ്പത്തിലല്ലാതെ കാണാനാവില്ല. എല്ലാ ദേവന്മാരുടേയും കരുത്തിനാൽ സൃഷ്ടിക്കപ്പെട്ട അമ്മദൈവങ്ങൾ, വിദ്യ, കാരുണ്യം, ഐശ്വര്യം, ആയുധ പ്രാവീണ്യം, ഉർവ്വരത, സമൃദ്ധി എന്നിങ്ങനെ എല്ലാ ഗുണങ്ങളുടേയും ദിവ്യസമ്മേളനവുമായിത്തീർന്നു.

ഇന്ന് യുവജനങ്ങളിൽ മൂല്യബോധം കുറയുന്നു എന്ന് വിലപിക്കുന്നവർ, ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും കാട്ടിത്തന്ന വ്യത്യസ്തരായ അമ്മമാരേയും അവരുടെ സന്താനങ്ങളേയും അറിയേണ്ടതുണ്ട്. സ്വന്തം കുട്ടികളുടെ ദുഷ്ചെയ്തികൾ കാണാതെ പോയ ഗാന്ധാരി, മക്കൾക്കൊപ്പം മാർഗ്ഗ നിർദ്ദേശകയായി എന്നും നിലകൊണ്ട കുന്തി, കടുത്ത യാതനകൾക്കിടയിലും പുത്രരെ, അയോധ്യാപതികളാക്കി മാറ്റിയ സീത, ദുർന്നടപ്പുകാരിയായി സന്താനങ്ങൾ ദുഷിച്ചു പോയ കൈകസി, ഇവരൊക്കെ നൽകുന്നത് ജീവിത പാഠങ്ങൾ തന്നെയാണ്.

മഹാന്മാർക്ക് അതിമഹതികളും, സാത്വികരും, തപസ്വിമാരുമായ അമ്മമാരുണ്ടായിരുന്നുവെന്ന് ശങ്കരാചാര്യരിലൂടെ ആര്യാംബയും, ഗാന്ധിജിയിലൂടെ പുത്‌ലീബായും, സ്വാമി വിവേകാനന്ദനിലൂടെ ഭുവനേശ്വരീദേവിയും ഉച്ചൈസ്ത്തര്യം തെളിയിക്കുന്നു. ഒരു മകനെ നൽകാമോയെന്ന ആവശ്യവുമായി സമീപിച്ച യുവതിയുടെ മുന്നിൽ സാഷ്ടാംഗം നമസ്ക്കരിച്ച് സ്വയം മകനായി സമർപ്പിച്ച വിവേകാനന്ദനും, മാതൃത്വത്തിൻ്റെ ത്യാഗ കാഹളഭേരി മുഴക്കുന്ന മാതൃ പഞ്ചകം ലോകത്തിന് സംഭാവന ചെയ്ത ആദി ശങ്കരനും, സാധാരണ ബാലനിൽ നിന്ന് മഹാത്മജിയായി മാറിയ ഗാന്ധിജിയും ശ്ലാഖിക്കുന്നത് അവരെ ചുമന്ന ഗർഭപാത്രങ്ങളെത്തന്നെയത്രേ!

മണ്ണും വിണ്ണും മഴയും സൃഷ്ടിച്ചിട്ടും മതിവരാതെ ഈശ്വരൻ അമ്മയെ പടച്ചുവെന്ന് കവി. പ്രസവിക്കാതെയും അമ്മയാവാമെന്ന് യശോദ. അമ്മയുടെ മടിത്തട്ടാണെന്നും സ്വർഗ്ഗമെന്നും, ആ ഹൃദയത്തുടിപ്പാണ് നമ്മുടെ ജീവതാളമെന്നും ഓരോ കുഞ്ഞും കരുതുന്നു.

ചുറ്റും മാതൃത്വം കെടുന്ന, അതിനെ കെടുത്തുന്ന വറുതിക്കാഴ്ച്ചകൾക്കിടയിലും, നന്മ മരങ്ങൾ പൂവിടുന്നതും ദൃശ്യമാണ്. പകരം വെയ്ക്കാനാവാത്ത അമ്മത്ത്യാഗങ്ങൾക്ക് മുന്നിൽ സ്വയം നമുക്കോരോരുത്തർക്കും, സൽസന്താനങ്ങളായി പുനർജ്ജനിക്കാം. കാരണം മാതാ പിതാ ഗുരു ദൈവം എന്ന വിവക്ഷയിൽ ആദ്യസ്ഥാനം അമ്മയ്ക്കു തന്നെ. പ്രകൃതി, ഭൂമി, രാഷ്ട്ര, ഭാഷ മാതാക്കൾക്കായി നമുക്ക് നമ്മെ തന്നെ അർച്ചന ചെയ്യാം. അതിലൂടെ നാടിനും സമൂഹത്തിനും നന്മയുടെ വേലിയേറ്റമുണ്ടാകുന്നതിന് സാക്ഷികളാവാം.