അവനവൻ കടമ്പ – കാവാലം

അഞ്ചാം വേദത്തിന് സമാനമായ ഇരിപ്പിടം കൽപ്പിക്കപ്പെട്ടുവെങ്കിലും, നടരാജന്റേയും, ഭരതമുനിയുടേയും സ്വക്ഷേത്രമെന്ന് പ്രചുരം സിദ്ധിച്ചുവെങ്കിലും, ആധുനിക നാടകയരങ്ങ് ഭാരതത്തിന്, പാശ്ചാത്യരൂപകങ്ങളുടെ പകർപ്പെഴുത്തുകളായി ചുരുങ്ങി. ആ ശൂന്യതയിലേക്കാണ്, തൻ്റെ പ്രാചീന – അനുഷ്ഠാന – പരമ്പരാഗത – നാടോടി നാടകസംസ്കൃതിയുമായി കാവാലം നാരായണപ്പണിക്കർ ചുവടുറപ്പിക്കുന്നത്. മട്ടിലും ഭാവത്തിലും തനിയേ, തനിമയോടെ, തനതുസ്പന്ദനങ്ങളുമായ്!

ഭാരതത്തിലെ ആധുനികനാടകവേദിയിലെ സ്വത്വബോധ ചർച്ചകൾ തനതു നാടകവേദിയിൽ വന്നെത്തിയെങ്കിലും, തെളിമയാർന്ന്, ആട്ടവിളക്കുണർന്നത് കാവാലത്തിൻ്റെ അവനവൻ കടമ്പയുടെ രംഗസാക്ഷാത്ക്കാരത്തോടെ മാത്രമാണ്.

ആട്ടപ്പണ്ടാരങ്ങളും പാട്ടുപ്പരിഷകളും വിദൂഷകനിർവ്വഹണം നടത്തുകയും, ദേശത്തുടയോൻ, വടിവേലവൻ തുടങ്ങിയ നന്മവൃക്ഷങ്ങളും, വട്ടിപ്പണക്കാരനെന്ന ദുരാഗ്രഹിയും, അവനെ ഒടുക്കിയ ഇരട്ടക്കണ്ണൻ പക്കിയെന്ന വിപ്ലവകാരിയും തുല്യ പ്രാധാന്യത്തോടെ അരങ്ങു വാഴുകയും ചെയ്തപ്പോൾ, ചിത്തിര പെണ്ണിനും, പൂങ്കത്തിയ്ക്കും, വാലടിക്കാവിനും ഒരേ നിറവും സ്വഭാവവും കൈവരുന്നു.

കൊല, ചൂഷണം, പ്രണയം, ഉൽസവം, ഭരണം ഇവയൊക്കെ ചേരുംപടി പ്രമേയത്തിലാകെ നിറയുമ്പോഴും, ക്രാന്തദർശിയായ കവിയുടെ സൂക്ഷ്മദൃഷ്ടി പതിയുന്നത്, ആർക്കും ഭേദിക്കാനാവാത്ത അവനവൻ കടമ്പയിലത്രേ! ഒരു ചെറിയ ബിംബത്തെ, കാവാലം, ചേതോഹരമായി സാർവ്വത്രികമാക്കിയിരിക്കുന്നു.ഭാഷയ്ക്കതീതമായി, പ്രദേശങ്ങൾക്കുപരിയായി, മനുഷ്യന്റെ ജീവിത യാത്രയിൽ രൂപപ്പെടുന്ന എല്ലാത്തരം കടമ്പകളിലും പ്രമുഖൻ അവനവൻ എന്ന കടമ്പയാണ്.

ആ കടമ്പ കടക്കണമെങ്കിൽ ലക്ഷ്യത്തോടൊപ്പം മാർഗ്ഗവും ശുദ്ധമാവുകയും, ഉള്ളിലെ സഹജമായ മൂല്യബോധത്തിന്റെ നിറവ് ഓരോ നിമിഷവും ഓർക്കുകയും പാലിക്കുകയും കൂടിയേ തീരൂ. വാലടിക്കാവിലെ ഉൽസവം കൂടാനൊരുങ്ങുന്നവർ കടമ്പയിൽ തട്ടി ഇന്തത്ധുടിനോം ! എന്നാൽ എത്ര തവണ മറിഞ്ഞു വീഴ്കിലും, എല്ലാവരും ഏറെ ആഗ്രഹത്തോടെ, പല രീതിയിൽ, ചിട്ടവട്ടത്തിൽ, വിഫല പരിശ്രമം നടത്തിക്കൊണ്ടേയിരിക്കുന്നു.

നമ്മുടെയെല്ലാമുള്ളിലും ഒരു അവനവൻ കടമ്പയുണ്ട്. എല്ലാ രീതിയിലും, മറികടക്കപ്പെടേണ്ടത്, മാറ്റിമറിക്കപ്പെടേണ്ടത്, പൊളിക്കപ്പെടേണ്ടത്, തന്നെയാണ് ഇത്. കടമ്പയെന്നാൽ ഭൗതികമായ പണം, പ്രശസ്തി, വളർച്ച, വിജയം എന്തുമാകാം. ആത്മീയാന്വേഷണ പ്രക്രിയയ്ക്ക് ബാധയാവുന്ന എന്തിനേയും കടമ്പയെന്ന് തന്നെ വിളിക്കാം. പടിയാറും കടന്നവിടെ ചെന്ന് ശിവസായൂജ്യം കൊതിക്കുമ്പോൾ ഓരോ പടിയും കടമ്പയായി പരിണമിക്കുന്നത് സാധനാവൈക്ലബ്യം തന്നെയാണ്.

ജീവിതത്തിലെ പ്രതിസന്ധികൾ, ദശാസന്ധികൾ, അങ്ങനെ ഒരു ജന്മത്തിൽ നാം മറികടക്കേണ്ട കടമ്പകൾ എത്രയെത്ര തരത്തിലാണ്! മഹാന്മാരായി ചരിത്രത്തിലിടം പേറിയവരൊക്കെയും, മഹത്തരമായ ഇടപെടൽ സമൂഹത്തിൽ നടത്തിയവരൊക്കെയും, തന്നെ കടമ്പകളെ സധൈര്യം പ്രതിരോധിച്ചവരാണ്, സമ്പൂർണ്ണമായി പരാജയപ്പെടുത്തിയവരും.

അവനവൻ കടമ്പ എന്ന നാടകം ശുഭപര്യവസായിയാവുന്നത്, എല്ലാവരും ഒരേ താളത്തിൽ, ഒരേ ചുവടുവെയ്പോടെ, സ്നേഹവും, കാരുണ്യവും, കാലുഷ്യരഹിത സൗഹൃദവും കൈകോർത്തുവെച്ച് വാലടിക്കാവിലേക്ക്, ഉൽസാഹപൂർവ്വം നടന്നു കയറുമ്പോഴാണ്. ഐകമത്യവും, ഏക ലക്ഷ്യബോധവും, മാർഗ്ഗത്തെ അയത്നലളിതമാക്കുകയാണിവിടെ. ഭാരത സംസ്കൃതിയെ മുൻനിർത്തിയ ഗാന്ധി ദർശനമായ ലക്ഷ്യ – മാർഗ്ഗ ശുദ്ധി, കടമ്പകടക്കലിനും, കാവാലം അഭികാമ്യമാക്കിത്തീർക്കുന്നു.

കൊറോണ, ലോകമെങ്ങും ഭീതിയുടെ കടമ്പ തീർത്തിരിക്കേ, അമ്പതാണ്ട് മുമ്പേ കാവാലം പ്രവചിച്ച തന്ത്രമാണ് ഇന്നും സ്വീകാര്യം. പരസ്പരം പോരാടുകയല്ല, കൈയ്മെയ് മറന്ന് സഹകരിക്കുകയാണ് വേണ്ടത്. തമ്മിൽ കാലുഷ്യം പരത്തുകയല്ല, പ്രണയനിലാവ് തൂകുകയാണ് നല്ലത്. കുറ്റവും കുറവും, ക്ഷുഭിത നേരങ്ങളും, വാലടിക്കാവ് നമുക്കൊക്കെ അപ്രാപ്യമാക്കും. ഒരേ മനസ്സോടെ, ഒറ്റത്താളവും, സമാന ചുവടുകളുമായി അവനവൻ കടമ്പ കടക്കുവാൻ, കാവാലം, സംസ്കൃതിയുടെ കൈ ചൂണ്ടി നമ്മോട് ദൃഢമായി ആവശ്യപ്പെടുന്നു.