വിനയം ധർമ്മ മാർഗ്ഗമെന്ന് ഭാരതീയ സംസ്കൃതി.അറിവിന്റെ ലക്ഷണം വിനയമെന്ന് ഭഗവത് ഗീത.മഹാഭാരതത്തിലെ ദാസീപുത്രനായ വിദുരർ – സംസ്കൃതി മുന്നോട്ട് വച്ച വിനയത്തിന്റെ പ്രതീകം.
വിനയം നൽകാത്തതായി ഒന്നുമില്ലെന്ന് ആചരണത്തിലൂടെ കണ്ടെത്തിയ നാടും ജനങ്ങളും.വിനയം മനുഷ്യനെ നിർഭയനും, കൃത്യതയുള്ളവനുമാക്കുമെന്ന് ഭാരതം.ഇന്നു നാം നേരിടുന്ന എല്ലാ പ്രതിസന്ധികളുടേയും (കാമാസക്തി, ദേഷ്യം, അത്യാഗ്രഹം, അഹങ്കാരം, അസൂയ) പരിഹാരമാണ് വിനയത്തോടു കൂടിയുള്ള ഇടപെടലും പെരുമാറ്റവുമെന്ന് സംസ്കൃതി.മാതാപിതാക്കളോട്, അദ്ധ്യാപകരോട്, ബന്ധുജനങ്ങളോട്, സുഹൃത്തുക്കളോട് വിനയത്തോടെ ഇടപഴകാനും, പെരുമാറാനും കഴിയട്ടെ. അതുവഴി ഈശ്വരന്റെ അപാരമായ അനുഗ്രഹത്തിലൂടെ, വളർച്ചയും, ശാന്തിയും, ആനന്ദവും അനുഭവിക്കാൻ ഇടവരട്ടെ.
മരങ്ങൾ താഴുന്നു ഫലാഗമത്താൽ . മഴ മേഘങ്ങളും .ഈ തത്വമത്രേ വിനയം. നന്നായി കായ്ച്ച മാവ് താഴ്ന്ന് നിൽക്കും.മേഘങ്ങൾ ജലസാന്ദ്രമാവുമ്പോൾ ഭൂമിക്കു കുളിരേകി നിലത്തേക്ക് ചെയ്തിറങ്ങും.കാമ്പുള്ളവൻ ,കാര്യമറിയുന്നവൻ ,കാര്യശേഷിയുള്ളവൻ എന്നും എളിമയോടെ വർത്തിക്കും.വിനയം ഒരു അലങ്കാരമാണ്. കരുത്തും. ഇതിഹാസങ്ങൾ രേഖപ്പെടുത്തുന്നതും അതാണ് .രാമപാദുകം ശിരസ്സിലേറ്റി I4 സംവത്സരം അയോധ്യാ ചക്രവർത്തിയായ ഭരതനും ,അജ്ഞാതവാസക്കാലത്ത് സൈരന്ധ്രിയാവാൻ മടിക്കാത്ത ദ്രൗപദിയും ,അക്ഷയപാത്രത്തിലെ ഉച്ചിഷ്ടമായ ഒരു ചീരയിലയാൽ വിശപ്പു മാറ്റിയ ശ്രീകൃഷ്ണനും, നാഗപാശത്തിനു മുന്നിൽ ശിരസ്സു നമിച്ച ശ്രീഹനുമാനും ,ശബരി രുചിച്ചു നൽകിയ ഫലങ്ങൾ സ്വീകരിച്ച ശ്രീരാമചന്ദ്രനും, പരുന്തിന് മുന്നിൽ സ്വയം സമർപ്പിതനായ ശിബിയും, അർദ്ധനഗ്നഫക്കീറായ രാഷ്ട്രപിതാവും വിനയത്തിന് പുത്തൻ ഭാഷ്യം രചിച്ചവരാണ് താഴ്മയാണ് ഉയരം എന്ന് കാണാനും അതുവഴി തനിക്കും ചുറ്റുമുള്ളവർക്കും ലക്ഷ്യപ്രാപ്തിയുടെ വഴിവിളക്ക് തെളിക്കാനും ഏവർക്കും കഴിയട്ടെ.