വ്രതങ്ങൾ

മാനസിക ശാരീരിക ശുദ്ധീകരണത്തിന് മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ലളിതമായ മാർഗ്ഗമാണ് വ്രതങ്ങൾ.ഭക്ഷണത്തിൽ വരുത്തുന്ന ചിട്ട ,ആചാര സംബന്ധിയായ വ്യവസ്ഥകൾ ,ജീവിതചര്യയിൽ വരുത്തുന്ന മാറ്റങ്ങൾ ഇവയൊക്കെ വ്രതാനുഷ്ഠാനങ്ങളാണ് .ഏറെ ഇഷ്ടമുള്ളതോ, സ്വാദുള്ളതോ, നാവിന് ഉത്തജനം ലഭിക്കുന്നതോ, ഏറെ എരിവും പുളിയും മധുരവുമായതോ ആയ ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുമ്പോൾ ആത്മശക്തി വർദ്ധിക്കുന്നതായി കാണാം .പഞ്ചാഗ്നി മധ്യേ തപം ചെയ്ത കാറ്റിൽ പറന്നു വന്ന ഇലയെപ്പോലും വായിലെടുക്കാതെ ഘോര വ്രതമെടുത്ത പാർവ്വതിക്ക് ലഭിച്ചത് അർദ്ധനാരീശ്വര പദവിയാണ് .കഠിനവ്രതങ്ങൾ അതി ദുർലഭ സൗഭാഗ്യങ്ങളാണ് നേടിത്തരുന്നത് . 41 ദിവസത്തെ വ്രതം മനുഷ്യനെ അയ്യപ്പനാക്കി മാറ്റുന്നതു പോലെ കാതലുള്ള, കാമ്പുള്ള ജന്മം നേടാൻ ഉലയിലൂടെ ഉരുകിയൊഴുകി ശുദ്ധീകരിക്കപ്പെടുക തന്നെ വേണം.
വ്രതാനുഷ്ഠാനത്താൽ കൂടുതൽ ഉൾകരുത്തു നേടി കർമ്മമണ്ഡലത്തിൽ നന്മ വിതറാൻ ഏവർക്കും കഴിയട്ടെ.

മനുഷ്യന് ആത്മ സാക്ഷാത്കാരത്തിലേക്കും മോക്ഷത്തിലേക്കും ഉള്ള വഴികളാണ് വ്രതങ്ങളെന്ന് ഭാരതീയ സംസ്കൃതി.മനസ്സിന്റെ ശുദ്ധീകരണത്തിനായുള്ള മാർഗ്ഗമാണ് വ്രതങ്ങൾ.അതി കഠിനമായുള്ള വ്രതങ്ങൾ പോലും നിഷ്ഠയോടെ പാലിക്കുകയും ജീവിത ശൈലിയെ അതുവഴി ശുദ്ധീകരിക്കുകയും ചെയ്ത നമ്മുടെ പൂർവ്വീകർ.
ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുക, മൂല്യങ്ങളിൽ ഉറച്ചു ജീവിക്കുക എന്നിവയൊക്കെ വ്രതാചരണമാണ്.
ഈശ്വര സാക്ഷാത്ക്കാരത്തിനായി , സർവ്വാഭീഷ്ടസിദ്ധിക്കായി വ്രതാനുഷ്ഠാനങ്ങളോടെ ജീവിതം നയിച്ച മഹാത്മാക്കളുടെ നാടാണ് ഭാരതം.വ്രതശുദ്ധിയോടെ മനസ്സും ശരീരവും നിലനിർത്തി ഈശ്വരനായി മാറിയ പുണ്യാത്മാക്കളുടെ നാട്.സംസ്കൃതി രൂപപ്പെടുത്തിയ മൂല്യങ്ങളെ പ്രായോഗിക ജീവിതത്തിൽ വ്രതങ്ങളായി ആചരിച്ച രാഷ്ട്രവും ജനങ്ങളും.പഞ്ച മഹാവ്രതങ്ങൾ ഭാരതീയ സംസ്കൃതിയുടെ മുഖമുദ്രയാണ്.
വാക്കിലും ചിന്തയിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കുകയും,സമസ്ത ജീവജാലങ്ങളോടും അഹിംസാൽമകമായ ഇടപെടൽ നടത്തിയും, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചും, മോഷ്ടിക്കാതെയും,നമുക്കാവശ്യമില്ലാത്തതു കൈവശം സൂക്ഷിക്കാതെയും ലൗകീക ജീവിതത്തിൽ ധാർമ്മിക പുരോഗതി നേടിയ രാഷ്ട്രവും ജനങ്ങളും.