സ്വാതന്ത്ര്യത്തിന്റെ മധുരം എന്തെന്ന് ജാഗ്രതയോടെ തിരിച്ചറിയുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ. മുഖാവരണം, വേർതിരിക്കപ്പെട്ട വാതിലുകൾ…ചുമരുകൾ വേലികൾ… വ്യക്തിയകലങ്ങൾ… ആഘോഷയളവുകൾ… പാരതന്ത്ര്യത്തിന്റെ എരിവും, പുളിയും നാമിന്ന് വ്യക്തമായി തിരിച്ചറിയുന്നുണ്ട്.
നിയന്ത്രണങ്ങൾ അവനവൻ്റെയുള്ളിൽ ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയിൽ പിറവിയെടുക്കുകയും സമൂഹ സുരക്ഷിതത്വത്തിൽ വളരുകയും ചെയ്യുമ്പോൾ, അച്ചടക്കം പാരതന്ത്ര്യമല്ല മറിച്ച് മാനവ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതെന്ന തിരിച്ചറിവു കൂടിയായി പരിണമിക്കുന്നു.