സകലകലാവല്ലഭൻ, ഗർഭശ്രീമാൻ, സംഗീത കുലപതി, സാഹിത്യ ചക്രവർത്തി, പ്രജാക്ഷേമതൽപ്പരൻ, സ്വദേശാഭിമാനി എന്നിങ്ങനെ അതിശയിപ്പിക്കുന്ന നാമവിശേഷണങ്ങളുമായി നാടും, അരങ്ങും, മനുഷ്യഹൃത്തും കവർന്ന ഒരു സാർവ്വഭൗമൻ മാത്രമേ കേരളക്കര വാണിട്ടുള്ളൂ.
ഓമനതിങ്കൾ കിടാവാണോ അതോ, കോമള താമര പൂവാണോ, അല്ല പൂവിലൂറുന്ന മധുവോ, ഇല്ലെങ്കിൽ പൂർണ്ണചന്ദ്രൻ്റെ കൗമുദിയാണോയെന്ന് തൊട്ടിലാട്ടുന്ന കൈകൾക്ക് ശങ്ക തോന്നുമാറ് ഇരയിമ്മൻ തമ്പിയിൽ കാവ്യഭാവന തൊട്ടുണർത്തിയ,
ചോതി (സ്വാതി) നക്ഷത്രത്തിൽ ഭൂജാതനായ തിരുവിതാംകൂറിൻ്റെ അസുലഭ പുണ്യം, സ്വാതി തിരുനാൾ രാമവർമ്മ !
അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ തന്നെ അടുത്ത കിരീടാവകാശിയായി രേഖപ്പെടുത്തപ്പെട്ട, ഗർഭശ്രീമാൻ, ബാല്യം പിന്നിട്ട് 16-ാം വയസ്സിൽ തിരുവിതാംകൂറിന്റെ രാജാവായി മാറുകയും, സമാനതകളില്ലാത്ത ഭരണ നൈപുണ്യം കൊണ്ട് തൻ്റെ മണ്ണിനെ സമ്പന്നമാക്കുകയുമുണ്ടായി.
കുറ്റവാളികളായ സ്ത്രീകളുടെ തല മുണ്ഡനം, തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കൽ, തുടങ്ങി പ്രാകൃതമായ പല തരം ശിക്ഷാ രീതികളും, മറ്റനവധി അനാചാരങ്ങളും നിർത്തലാക്കിയ ഭരണാധികാരിയെന്ന നിലയിൽ, സ്വാതി തിരുനാൾ ഉൽപതിഷ്ണുവും, കടുത്ത പുരോഗമന വാദിയുമായിരുന്നു.
ബ്രിട്ടീഷ് പട്ടാളത്തോട് പൊരുതണമെങ്കിൽ അവർ അനുവർത്തിക്കുന്ന വേഷം, ഡ്രിൽ, അച്ചടക്കം എന്നിവ കൂടി സ്വീകരിക്കണമെന്ന് തീരുമാനിച്ച്, ആകർഷണീയമായ ഒരു നായർ പട്ടാളം തന്നെ തിരുവിതാംകൂറിൽ അദ്ദേഹം തയ്യാറാക്കിയെടുത്തു.
തിരുവനന്തപുരത്ത് ഇന്നുള്ള ഒട്ടു മിക്ക ഭരണ സ്ഥാപനങ്ങളും സ്വാതി തിരുനാൾ തുടക്കമിട്ടതാണ്. വാന നിരീക്ഷണ കേന്ദ്രം, മൃഗശാല, യൂണിവേഴ്സിറ്റി കോളേജ്, സർക്കാർ പ്രസ്സ്, കോടതി എന്നിവയൊക്കെ അവയിൽ ചിലത് മാത്രം. തിരുവിതാംകൂറിൽ ആദ്യമായി സെൻസസ് സമ്പ്രദായം നടപ്പിൽ വരുത്തിയതും ഈ ക്രാന്തദർശിയായ ഭരണാധികാരിയാണ്.
സംഗീതം, നൃത്തം, വാദ്യോപകരണം, ചിത്രകല, വാസ്തുവിദ്യ, കവിത്വം, ഭാഷാ പ്രാവീണ്യം, സഹൃദയത്വം എന്നിവ നിർല്ലോഭം, ഈശ്വര ദത്തമായി സിദ്ധിച്ച ഈ കലാസാർവ്വഭൗമൻ, കേരളത്തിന്റെ സംഗീത കുലപതിയായി, അനവധി കൃതികളുടെ രചയിതാവായി ഇന്നും കർണ്ണാടക സംഗീത ലോകത്തെ ത്രിമൂർത്തികളായ ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രികൾ എന്നിവർക്കൊപ്പം പരിലസിക്കുന്നു.
സംഗീതത്തിലൂടെ നിഷ്കാമ ഭക്തിയുടെ ഉദാത്തമായ തലത്തിൽ എത്തിച്ചേരാമെന്നു നൂറ്റാണ്ടുകൾക്കു മുമ്പേ കണ്ടെത്തിയ ഭാരതം, വാഗ്ഗേയകാരന്മാരായ സംഗീത സമ്രാട്ടുകളാൽ ഭക്തി പ്രസ്ഥാനത്തിന്റെ ഊടും പാവും നെയ്തൊരുക്കിയിരുന്നു. ശ്രീപത്മനാഭന് തൃപ്പടിദാനം ചെയ്ത തന്റെ പൂർവ്വസൂരികളെപ്പോലെ ശ്രീപത്മനാഭദാസനായി, അവിടുത്തെ സ്തുതിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഏതാണ്ട് 86 കൃതികൾ, അതുല്യവും മനോഹരവും, അനശ്വരങ്ങളുമാണ്.
കൃഷ്ണ സ്തുതികളായി 26എണ്ണം, രാമസ്തുതികളായി 22, ശിവസ്തുതി 14 എങ്കിൽ, ദേവി സ്തുതിയായി 6 എണ്ണം. ഇവയ്ക്കു പുറമേയും ഭക്തിപ്രധാനമായി, സ്വാതി തിരുനാൾ ധാരാളം കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്.
മോഹിനിയാട്ട വേദികളിൽ ഇന്നും ആവർത്തിക്കപ്പെടുന്ന പ്രസിദ്ധങ്ങളായ പല പദങ്ങളും, വർണ്ണങ്ങളും, തില്ലാനകളും സ്വാതി തിരുനാൾ മഹാരാജാവിന്റേതാണ്.
ഭാവയാമി (രാഗമാലിക), ദേവ ദേവ (മായാമാളവഗൗള), കൃപയാ പാലയ (ചാരുകേശി), ഭോഗീന്ദ്ര ശായിനം (കുന്തളവരാളി) എന്നിവ സ്വാതിതിരുനാളിന്റെ പ്രധാനപ്പെട്ട കൃതികളിലെ പ്രഥമ പരിഗണനയർഹിക്കുന്ന ചിലത് മാത്രമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന വ്യുൽപ്പത്തി, ആദരവർഹിക്കുന്നു എന്ന് വിദ്യുത്മതം!
സംഗീതം കൂടാതെ സാഹിത്യം, ചിത്രകല എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള സ്വാതിതിരുനാൾ, ഇംഗ്ലീഷ് അടക്കം ബഹുഭാഷാപാണ്ഡിത്യവും സമ്പാദിച്ചിരുന്നു.
33 വയസ്സെന്ന ചെറിയ ആയുസ്സിൽ സാർത്ഥകവും, ദീർഘ ദീപ്തവുമായ, കർമ്മ പാതയൊരുക്കിയ സ്വാതി തിരുനാൾ, വരും തലമുറയെ കൂടി പ്രബുദ്ധവും ജ്വലിതവുമാക്കിയെന്നത്രേ ആ ശ്രേഷ്ഠ ജന്മത്തിന്റെ സംസ്കൃതി പാഠം!