അറിവ്

എന്താണ് അറിവ് ?

നമ്മിലുള്ളതിനേക്കാൾ അറിവ് പ്രകൃതിയിലുണ്ടെന്ന് ഭാരതീയ സംസ്കൃതി. പ്രകാശവേഗത്തേക്കാൾ വേഗതയിൽ, തികച്ചും സൗജന്യമായിത്തന്നെ അറിവ് നേടാൻ കഴിയുന്ന സാഹചര്യം ഇന്ന് ലോകത്തുണ്ട്. നാം ബുദ്ധിയുള്ളവരായി മാറുകയും, ജീവിതത്തിൽ പുരോഗതി നേടുകയും ചെയ്തു എന്നതും വസ്തുതയാണ്. ജ്ഞാനം വിജ്ഞാനസഹിതം. അറിവിനൊപ്പം മൂല്യബോധവും ഹൃദയശുദ്ധിയും നേടുമ്പോഴാണ് മനുഷ്യന് സംതുലിതമായ വളർച്ചയെന്നും നിലനിൽപ്പെന്നും ഭാരതീയ സംസ്കൃതി. ബുദ്ധിശക്തിയേക്കാൾ ധാർമ്മിക ശക്തിയ്ക്കു മൂല്യവും, തിളക്കവുമെന്ന് ഭാരതം. ദൈവകൽപ്പനകൾക്കപ്പുറം, നിരന്തരമായ ചോദ്യങ്ങളിലൂടെ അറിവിനായി അന്വേഷണം നടത്തിയ, എന്നും നിലനിൽക്കുന്ന സന്തോഷത്തിലേയ്ക്കും, ശാന്തിയിലേയ്ക്കുമുള്ള വഴി ലാളിത്യമെന്ന് ഭാരതീയ സംസ്കൃതി. ലളിത ജീവിത ശൈലിയിൽ ജീവിതം നയിച്ചവരായിരുന്നു ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹാത്മാക്കളെല്ലാം. ആവശ്യങ്ങളെ കുറയ്ക്കുകയല്ല, ശുദ്ധീകരിക്കുകയാണ് ലാളിത്യമെന്ന് ഭാരതം. ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും ലാളിത്യമുണ്ടായാൽ ഹൃദയത്തിൽ ശാന്തിയും, സ്നേഹവും, കരുണയും, അനുകമ്പയും, പരസ്പര ബഹുമാനവും നിറയും.

തമസോ മാ ജ്യോതിർഗമയ. ഈ പ്രാർത്ഥനയിലൂടെ അജ്ഞാനത്തിന്റെ ഇരുട്ടകന്ന് ജ്ഞാനപ്രകാശത്താൽ ജീവിതം തിളങ്ങട്ടെ എന്ന് ഭാരതീയ സംസ്കൃതി. ചോദ്യോത്തര രൂപത്തിൽ രചിക്കപ്പെട്ടതാണ് ഭാരതീയഗ്രന്ഥങ്ങളെല്ലാം. അടുത്തിരിക്കുക എന്നർത്ഥം വരുന്ന ഉപനിഷത്തുകളാവട്ടെ. പരമേശ്വരൻ പാർവ്വതീദേവിയുടെ സംശയ നിവൃത്തി വരുത്തുന്ന സന്ദർഭങ്ങളാവട്ടെ. വൈക്ലബ്യമകറ്റി അർജ്ജുനനെ കർമ്മ പന്ഥാവിലേക്ക് നയിക്കുന്ന ഭഗവദ്ഗീതയാവട്ടെ. നമ്മെ പഠിപ്പിക്കുന്നത് ചോദ്യം ചോദിക്കാക്കാനും അറിവ് നേടി പ്രബുദ്ധനാവാനുമാണ്.

“അവനവനെയറിയുക.
ചുറ്റുമുള്ള എല്ലാറ്റിനേയും.
പ്രപഞ്ച രഹസ്യത്തേയുമറിയുക .
ബ്രഹ്മത്തെ അനുഭവിച്ചറിയുക”
അങ്ങനെ നേടിയ ജ്ഞാന വെളിച്ചം ലോകക്ഷേമത്തിനായി ലക്ഷക്കണക്കിന് താളിയോലക്കെട്ടുകളിൽ പകർന്നു നൽകി ഭാരതം. അറിവാണ് സത്യമെന്ന് മനസ്സിലാക്കി, വരും തലമുറയ്ക്കും ആ വെളിച്ചം പകർന്നു നൽകാൻ ഏവർക്കും കഴിയട്ടെ.