ആത്മവിശ്വാസം ഉയരും വിധം ഒരുവന് തോന്നുന്ന മതിപ്പാണ് അഭിമാനം. രാഷ്ട്രം, സംസ്കൃതി, പൈതൃകം, കുടുംബം, മാതാപിതാക്കൾ, മക്കൾ, ബന്ധങ്ങൾ, സൗഹൃദം, വിദ്യാഭ്യാസം, തൊഴിൽ, ദാമ്പത്യം എന്നിവയെല്ലാം നമുക്ക് അഭിമാനം നൽകുന്ന കാര്യങ്ങളാണ്.
ഈ അവബോധം സ്വയം തോന്നുമ്പോൾ അത് ആ വ്യക്തിയുടെ വളർച്ചയുടെ ഇന്ധനമായ സ്വാഭിമാനമായി മാറുന്നു.
അഭിമാനബോധത്തിൽ നിന്നുണ്ടാവുന്ന സമ്പൂർണ്ണ വ്യക്തിത്വവികാസം സാധ്യമാക്കുന്നത് അസംഭവ്യം എന്ന് ലോകം കരുതുന്ന പലതും നിർവ്വഹിക്കാനുള്ള ശേഷി കൂടിയാണ്. ഉജ്ജ്വല ലക്ഷ്യങ്ങളെ കൈനീട്ടീ പിടിക്കാനുള്ള കരുത്ത്, സ്വന്തം വിശ്വാസ പ്രമാണങ്ങളെ ചേർത്തു പിടിക്കാനുള്ള ധൈര്യം, സ്വന്തം നാടിനായി സ്വജീവൻ പോലും സമർപ്പിക്കാനുള്ള അചഞ്ചലചോദന, പ്രീയപ്പെട്ടവർക്കായി അക്ഷീണം പ്രവർത്തിക്കാനുള്ള മനസ്സ് എന്നിവയൊക്കെ ശിരസ്സ് സമുന്നതമാവുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന നേട്ടങ്ങളാണ്.
അഭിമാനബോധമുള്ള അമൂല്യവ്യക്തിത്വങ്ങളായി മാറാനാവട്ടെ നമുക്കേവർക്കും.