സത്യാന്വേഷണ പരീക്ഷണങ്ങൾ ആത്മപ്രതിഫലനമാക്കിയ, ഭാരതത്തിൻ്റെ സുപുത്രനായ ഗാന്ധിജി, പ്രാണവായു പോലെ മന്ത്രിക്കുമായിരുന്ന ശബ്ദമത്രേ രാമൻ! കുട്ടിയായ മോഹൻദാസിന്, ഇരുട്ടിനോടും, പ്രേതങ്ങളോടുമുള്ള ഭയം നീക്കാൻ, വീട്ടിലെ ആയയായ രംഭമുത്തശ്ശി ചൊല്ലിയ രാമനാമജപം അവസാന ശ്വാസം വരെ ഗാന്ധിജി നെഞ്ചോട് ചേർത്തു വച്ചു. പ്രാണനകലുന്ന നേരത്ത് ചുണ്ടിലെ ജപവും മറ്റൊന്നായിരുന്നില്ല!
സമസ്ത മാനവജാതിയുടേയും ആശ്രയകേദാരമാണ് രാമനെന്ന് ഗാന്ധിജി സ്വജീവിതത്തിലൂടെ തിരിച്ചറിഞ്ഞതിനാൽ, രാമരാജ്യം ദൈവീകമാണെന്നും, അത് ധാർമ്മികത ആധാരമാക്കിയുള്ള ജനങ്ങളുടെ പരമാധികാരമാണെന്നും, ഗാന്ധിജി പൂർണ്ണമായും വിശ്വസിച്ചു.
ആത്മപരിശോധനയിലൂടെ ഉള്ളിലെ തിന്മകൾ തിരിച്ചറിയാനും, മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനുമുള്ള മനസ്സ് രൂപപ്പെടുത്തലാണ് രാമരാജ്യസൃഷ്ടിയ്ക്കായുള്ള ആദ്യ ചുവടുവെയ്പ്പ്.
തൻ്റെ രാമൻ ആരെന്ന് കൃത്യതയോടെ ഗാന്ധിജി വെളിപ്പെടുത്തുന്നത്, “സത്യമാണ് ദൈവത്തിനു നൽകാവുന്ന ഏറ്റവും ഉന്നതമായ നാമം, അതു തന്നെയാണെനിക്ക് രാമനും” എന്നാണ്. ഏകം സത് വിപ്രാ ബഹുധാ വദന്തിയും, അദ്വൈതവും പേറുന്ന ഭാരതീയ പാരമ്പര്യത്തില്‍, രാമനും റഹീമും ഒന്നുതന്നെയെന്ന് ഗാന്ധിജി പറയുന്നതില്‍ ഒരതിശയോക്തിയുമില്ല.
അയോദ്ധ്യയുടെ ചക്രവർത്തിയായ ശ്രീരാമചന്ദ്രന്റെ ഭരണ സാമ്രാജ്യം തന്നെയാണ് ഗാന്ധിജിയുടെ രാമരാജ്യം. രാമരാജ്യം ഗാന്ധിജിയുടെ കണ്ടെത്തലല്ല. ശ്രീരാമനെ വരുംതലമുറകളിലേക്ക് പരിചയപ്പെടുത്തിയ വാത്മീകി, തൻ്റെ ഇതിഹാസമായ രാമായണത്തിൽ, രാമരാജ്യത്തെ വരച്ചു കാട്ടുന്നത്, ശാരീരികവും, മാനസികവും, ആത്മീയവുമായ, ദുരിതങ്ങളില്ലാത്ത സുവർണ്ണ ഭൂമികയെന്നാണ്. സ്വന്തം താൽപര്യവും, ഇഷ്ടാനിഷ്ടങ്ങളും ഹോമിച്ച്, പ്രജാക്ഷേമത്തിനു മാത്രം പ്രാഥമിക പരിഗണന, ശ്രീരാമൻ നല്‍കിയപ്പോഴാണ് അയോദ്ധ്യയിൽ രാമരാജ്യമുടലെടുത്തത്.
ഭാരതീയസംസ്‌ക്കാരത്തിന്റെയും, മൂല്യത്തിന്റെയും പ്രതീകമായ രാമരാജ്യത്തിൻ്റെ ഹൃദയത്തുടിപ്പുകൾ,
സത്യവും, അഹിംസയും, സമത്വവും, സാഹോദര്യവും, തുല്യ നീതിയും, ജനാധിപത്യവും, സര്‍വ്വധര്‍മ്മ സമഭാവനയും, സ്വദേശി സ്നേഹവും, ലാളിത്യവും, പവിത്രമായ കുടുംബ ബന്ധങ്ങളുമാവുമ്പോൾ ഗാന്ധിജി തൻ്റെ സ്വപ്ന സാമ്രാജ്യമായി മറ്റെന്താണ് വിഭാവന ചെയ്യുക!
വ്യക്തികളുടെ മൗലികാവകാശങ്ങള്‍ രാമരാജ്യത്തില്‍ സുഭദ്രവും, ഭരണം, തികച്ചും ധര്‍മ്മനീതിയുടെ പാലനത്തിനു വേണ്ടിയും, ഗാന്ധിജിക്ക് രാമരാജ്യം ഒരേ സമയം സ്വാതന്ത്ര്യത്തിൻ്റേയും നിർവ്വാണത്തിൻ്റേയും അപരനാമവുമാകുന്നു.
ബാല്യത്തിൽ, പൈതൃക വിശ്വാസമായി ഉള്ളിൽ കിനിഞ്ഞിറങ്ങിയ രാമസങ്കല്പത്തെ, മഹാത്യാഗത്തിന്റെയും, ധർമ്മബോധത്തിന്റെയും പ്രതീകമാക്കി ജ്വലിപ്പിക്കാൻ ഗാന്ധിജിക്കായത്, തുടർച്ചയായ
തുളസിദാസിന്റെ രാമായണ പാരായണം ചെയ്തത് മൂലമാണ്. ഭാരത സംസ്കൃതിയിൽ ധർമ്മമെന്നാൽ രാമനാണ് എന്നതുപോലെ, ഭാരത ചരിത്രത്തിൽ ധർമ്മം ഗാന്ധിജിയാണ്. തൻ്റെ രാമരാജ്യ സങ്കൽപ്പത്തിൽ മഹാത്മാ ഗാന്ധി വിഭാവന ചെയ്തത്, ഓരോ ഭാരതീയനും രാമനായി പരിവർത്തനം ചെയ്യപ്പെടുകയും, പരിണമിക്കുകയും, പുനർജ്ജനിക്കുകയും ചെയ്യാനാണ്.
വൈധവ്യദു:ഖം വനിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ.
സസ്യപരിപൂര്‍ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ.
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും
എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞൊരുചിന്തയില്ലാര്‍ക്കുമേ.
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ.
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ.
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍.(അദ്ധ്യാത്മരാമായണം കിളിപ്പാട്ട്)