ഇന്ദ്രിയനിഗ്രഹം ദമമെന്ന് ഭാരതീയ സംസ്കൃതി.ഭൗതികതയുടെ ആരാധനയിൽ നിന്നും ഇന്ദ്രിയങ്ങളെ പിൻവലിക്കലാണ് ദമമെന്ന് ഭാരതം.ദമം, ദാനം, ദയ എന്നീ ശീലങ്ങൾ ആത്മജ്ഞാനത്തിനുള്ള മാർഗ്ഗങ്ങളെന്ന് കണ്ടെത്തിയ രാഷ്ട്രം.കാമത്തെ ജയിക്കാൻ ദമവും, ക്രോധത്തെ ജയിക്കാൻ ദയയും, ലോഭത്തെ ജയിക്കാൻ ദാനവുമാണ് ശീലിക്കേണ്ടതെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.കാണുന്നവനിൽ ആദരവും അഭിമാനവും ജനിപ്പിക്കുന്ന സ്വഭാവ വിശേഷമത്രേ കുലീനത .ജന്മ ജന്മാന്തരങ്ങളാൽ നേടിയെടുത്ത ധർമ്മബോധത്തിന്റെ പരസ്യ പ്രകടനമാണ് കുലീനതയെന്ന് ഭാരതീയ സംസ്കൃതി.സ്വന്തം താത്പര്യങ്ങൾക്കു മേലെ അപരന്റെ ഇഷ്ടങ്ങൾക്ക് പരിഗണന നൽകി, ധാർമ്മികതയിൽ നിന്നും തെല്ലും വ്യതിചലിക്കാതെ, സ്വാഭിമാനം ബലികഴിക്കാതെ, ചുറ്റുമുള്ളവരിൽ പ്രസാദാത്മകത വാരി വിതറുന്നു എന്നും കുലീനർ.കുലീനത്വവും കുലമഹിമയും ചേർത്തുവായിക്കേണ്ടതില്ലെന്ന് ഹനുമാനും, വിദുരരും, യശോദയും, വിഭീഷണനും, ഗുഹനും, കർണ്ണനും നമ്മെ ഓർമ്മപ്പെടുത്തുന്നു. അവരുടെ പേരുകൾ നമ്മുടെ മനസ്സുകളിൽ സുവർണ്ലിഖിതമാവുന്നത്കർമ്മത്തിന്റെ ഉദാത്തമായ പ്രതിഫലനമാണ് കുലീനതയെന്നതിനാലത്രേ .കുലീനരെ ലോകം എന്നും വന്ദിക്കുന്നു .എന്നു മാത്രമല്ല മാതൃകകളാക്കുകയും ചെയ്യുന്നുണ്ട് .പ്രതിഭാ സ്പർശത്തിന് കുലീനതയുമായ അഭേദ്യബന്ധമുണ്ടെന്ന് ഘടോൽക്കചൻ, ഏകലവ്യൻ എന്നിവർ നമ്മെ സദാ ബോധ്യപ്പെടുത്തുന്നു.ജീവിത നൈർമ്മല്യം ,കാരുണ്യ സ്പർശം,നീതിബോധം,സത്യസന്ധത, ധാർമ്മികത,
കർമ്മോത്സുകത, നിർഭയത്വം .സപ്ത ശീലങ്ങളാൽ സമ്പന്നമായ കുലീനത സ്വായത്തമാക്കി മാതൃകാ പുരുഷരാകാനും, എപ്പോഴും നന്മയുടെ പ്രചാരകരാവാനും ഏവർക്കും സാധിക്കട്ടെ.
അടക്കം മിടുക്കിലേക്ക് നയിക്കുമെന്ന് ഉച്ചൈസ്തര്യം ഉദ്ഘോഷിച്ചു ഭാരതം .പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകളെ പൂട്ടിയ ശരീരമാകുന്ന തേര് നിയന്ത്രിക്കുന്ന മനസ്സാകുന്ന തേരാളി സങ്കൽപ്പം . ജീവിതം കരുപ്പിടിക്കാനുള്ള മഹദ് ഗ്രന്ഥമായി ശ്രീ ഭഗവദ് ഗീത മാറുന്നത് ഈ തത്വത്തിലാണ് .ദമം,ദാനം,ദയ ,പാശ്ചാത്യസാഹിത്യ ലോകത്തെ ചരിത്രരേഖപ്പെടുത്തലുകളിലൊന്നായ എലിയറ്റിന്റെ ‘തരിശുനിലം’ പറഞ്ഞു നിർത്തുന്നത് ഈ ഉപനിഷദ് ശകലങ്ങൾ കടമെടുത്താണ് ദമം,ദാനം,ദയ ,അമരത്വം കൈവരിക്കാൻ ദേവന്മാർക്കും,മനുഷ്യർക്കും,അസുരന്മാർക്കും, യഥാക്രമം ഉപനിഷത്ത് നൽകിയ അമൂല്യ ജ്ഞാനവുമത്രേ ഇവ.
ദേവന്മാർ ,ദമം അഥവാ സർവ്വ വിഷയത്തിലും നേടേണ്ട നിയന്ത്രണത്തിലൂടെയും,
മനുഷ്യർ, കൈവശമുള്ളതെല്ലാം ദാനം അഥവാ ത്യാഗം ചെയ്യുന്നതിലൂടെയും,അസുരന്മാരാകട്ടെ, തങ്ങളേക്കാൾ ശക്തി കുറഞ്ഞവരോടു കാട്ടേണ്ട ദയയിലൂടെയും ,ശ്രേഷ്ഠരാവുമെന്ന് ഋഷി പ്രോക്തം.
ഏതു ഗണത്തിൽ പെടുന്നവർക്കും അവർ സുര ഗുണമുള്ളവരെങ്കിൽ ദമം ശീലിക്കുകയും,മനുഷ്യരെങ്കിൽ ദാനധർമ്മം പാലിക്കുകയും, ദാനവ ഗുണമുള്ളവരെങ്കിൽ ദയ ആചരിക്കുകയും ചെയ്യുക വഴി കൂടുതൽ ഔന്നത്യം നേടാനാവും ജീവിതത്തിൽ എന്ന് സംസ്കൃതി.കൃത്യവും സൂക്ഷ്മവുമായ ജീവിതാചരണങ്ങളിലൂടെ. സംസ്കൃതി പകർന്നു നൽകുന്ന ഉൽകൃഷ്ട ജ്ഞാനമാർഗ്ഗങ്ങളിലൂടെ അമരത്വം നേടാൻ ഏവർക്കും കഴിയട്ടെ .