പ്രകൃതിയും നിറങ്ങളും

പ്രകൃതി അതിൻ്റെ സൃഷ്ടിപരതയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നത് അതിന് ചുറ്റും വർണ്ണം വിതറാനാണ്. നീലാകാശവും, വെൺമേഘങ്ങളും മുകളിലും, നീലക്കടലും, വെൺ നുരയും തത്തുല്യ സമ്മേളനത്തിൽ താഴെയും നമ്മെ അത്ഭുതപ്പെടുത്തുന്നു. ഒരു പച്ചയും ഒരു പോലെയല്ലയെന്ന് ഓരോ ചെടിയും, ഓരോ മഞ്ഞയും ചുവപ്പും വേറെ വേറെയെന്ന് പൂക്കളും, കറുപ്പിനും വെള്ളയ്ക്കും പോലും നിറഭേദങ്ങളുണ്ടെന്ന് കിളികളും കാട്ടിത്തരുന്നു.

ഇത് മനുഷ്യരിലും കാണാം. ഒരാളും മറ്റൊരാളെപ്പോലെയല്ല. ഒരാൾ തന്നെ വിവിധ സാഹചര്യങ്ങളിൽ വ്യത്യസ്തനാവുന്നു. വികാരവിചാരങ്ങൾക്കും, മനോവ്യാപാരങ്ങൾക്കും വേറിട്ട നിറം നൽകിയാൽ ജീവിതം മഴവില്ല് പോലെ സുന്ദരമാക്കാം.