ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും ഒരു പടിയെങ്കിലും മുകളിലേക്ക് കയറാനുള്ള പ്രാണന്റെ ആത്മാർത്ഥമായ അർത്ഥനയാണ് പ്രാർത്ഥന. അന്നും ഇന്നും എന്നും.ഭാരതത്തോളം സാർവ്വലൗകികവും, മൗലികവും, മാനവികവും, സാർവ്വത്രികവുമായ പ്രാർത്ഥനകൾ സൃഷ്ടിച്ചിട്ടുള്ള മറ്റൊരു സംസ്കൃതിയില്ല തന്നെ. അതിനാൽ അവ എല്ലാ മനുഷ്യർക്കുമുള്ളതും, എല്ലാക്കാലത്തേക്കും വേണ്ടിയുള്ളതുമാവുന്നു .അസത്യത്തിൽ നിന്ന് സത്യത്തിലേക്കും, അജ്ഞാനാന്ധകാരത്തി ൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്കും, ഒടുവിൽ നാശത്തിൽ നിന്ന് അമരത്വത്തിലേക്കും നയിക്കണേ എന്നത് പ്രാഥമിക പ്രാർത്ഥനയെന്ന് സംസ്കൃതി.നമുക്കൊരുമിച്ച് വിദ്യയും വീര്യവും ബുദ്ധിയും സാഫല്യവും ദ്വേഷരഹിതരായി നേടാം എന്ന “സഹനാവവതു.” വിൽ തുടങ്ങുന്ന പ്രാർത്ഥന സഹവർത്തിത്വം കുറിക്കുന്ന ഭാരത പാഠം കൂടിയാണ് .പൂർണ്ണത്തിൽ നിന്നും പൂർണ്ണമെടുത്താലും വീണ്ടും പൂർണ്ണം തന്നെ അവശേഷിക്കുന്നുവെന്ന കണ്ടെത്തൽ തത്വശാസ്ത്രവും, ആത്മീയതയും ,ശാസ്ത്രവും ചേരുന്ന പൂർണ്ണ സങ്കൽപ്പം തന്നെയാണ്.ശാന്തി മന്ത്രങ്ങളാകട്ടെ പഞ്ചഭൂതങ്ങളായ അഗ്നി, ജലം, വായു, ഭൂമി, ആകാശം എന്നിവയ്ക്കും, പഞ്ചഭൂത നിർമ്മിതമായ സകല ചരാചരങ്ങൾക്കും, എന്തിനേറെ അന്തരീക്ഷത്തിന് വരെ ശാന്തി അർത്ഥിക്കുന്നു.
ഓം ശാന്തി ശാന്തി ശാന്തി:
സ്വാർത്ഥതയുടെ കണിക പോലുമില്ലാതെ സമസ്ത പ്രപഞ്ചത്തിനും ക്ഷേമമാഗ്രഹിച്ച ഭൂമിയാണ് നമ്മുടെ ഭാരതം.
“ലോകാ സമസ്താ സുഖിനോ ഭവന്തു ” വിലും മേന്മയിൽ
വസുധൈവ കുടുംബക സിദ്ധാന്തത്തെ വരച്ചിടാനാവില്ല തന്നെ .
വേദോപനിഷത്തുക്കളെല്ലാം ഈ വിധം മന്ത്രരൂപത്തിലുള്ള പ്രാർത്ഥനകളും അവയിൽ അന്തർലീനമായ പരമസത്യവും, ബ്രഹ്മ തത്വവും, ജന്മ- കർമ്മാന്വേഷണങ്ങളും ഉത്തരങ്ങളുമത്രേ. ഉച്ചരിക്കുന്നവനെ ത്രാണനം അഥവാ രക്ഷിക്കുന്ന ഗായത്രീ മന്ത്രവും ,പ്രണവ സ്വരമായ ഓംകാരവും, നമ്മുടെ അന്യൂന സംസ്കൃതിയുടെ സംഭാവനകൾ തന്നെയാണ്.ഗുരുർ ബ്രഹ്മയെന്നതിൽ തുടങ്ങി ഗുരു സാക്ഷാത് പരംപൊരുളാണെന്ന കണ്ടെത്തലും ,മാതാ പിതാ ഗുരു ദൈവം എന്ന പ്രസ്താവനയും, അന്നം ബ്രഹ്മം തന്നെയെന്നും, ഒടുവിൽ അഹം ഈശ്വരനാണെന്നുമുള്ള തിരിച്ചറിവും, അതിഥി ദേവോ ഭവ എന്ന വെളിപാടും, അദ്വിതീയവും സത്യ ശിവ സുന്ദരമായതുമായ ഭാരതീയ പ്രാർത്ഥനകളാണ് .ഇന്ദ്രിയനിഗ്രഹത്തിലൂടെ. പ്രാണായാമത്തിലുടെ.
സ്ഥിതപ്രജ്ഞനെന്നതിൽ. കാമക്രോധലോഭമോഹമദമാൽസര്യമൊഴിഞ്ഞ്ധർമ്മാർത്ഥ കാമ മോക്ഷം നേടുകയാവട്ടെ കൽപ്പാന്തകാലത്തോളം നമ്മുടെ ലക്ഷ്യവും പ്രാർത്ഥനയും.
ഈശ്വര സങ്കല്പമെന്ന ശക്തിചൈതന്യത്തോടുള്ള ഭക്തന്റെ ആത്മഭാഷണമാണ് പ്രാർത്ഥനയെന്ന് ഭാരതീയ സംസ്കൃതി.സൂര്യനോട്, ഗ്രഹങ്ങളോട്, മുപ്പത്തിമുക്കോടി ദൈവങ്ങളോട്, കാറ്റിനോട്, മഴയോട്, സമുദ്രത്തോട്.എല്ലാ പ്രപഞ്ച ശക്തികളോടും സർവ്വരുടേയും ക്ഷേമൈശ്വര്യങ്ങൾക്കായി പ്രാർത്ഥിച്ച രാഷ്ട്രം.
സ്വന്തം നേട്ടങ്ങൾക്കപ്പുറത്ത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാർത്ഥനയാൽ ലോക ഹിതത്തിനായി പ്രാർത്ഥിച്ച ഭാരതം.മഹാദേവനായ പരമേശ്വരനെ പ്രാർത്ഥിച്ച് എന്നും പതിനാറ് വയസ്സിൽ നിലനിൽക്കാനായ മാർക്കണ്ഡേയൻ.യമധർമ്മനോട് പ്രാർത്ഥനയാൽ വിജയം നേടി ഭർത്താവിനെ വീണ്ടെടുത്ത സാവിത്രി. പ്രാർത്ഥനയാൽ വാഗ്ദേവിയുടെ ദർശനപുണ്യം നേടി സർവ്വജ്ഞപീഠമേറിയ ശ്രീ ശങ്കരാചാര്യർ.ജ്ഞാനപ്പാനയെന്ന പ്രാർത്ഥനയാൽ സർവ്വ ദു:ഖങ്ങളിൽ നിന്നും മോചനം നേടിയ പൂന്താനത്തിന്റെ സംസ്കൃതി.മനസ്സിന്റെ ശുദ്ധീകരണത്തിനുള്ള മാർഗ്ഗമാണ് പ്രാർത്ഥനയെന്ന് ഭാരതം. ഹൃദയത്തിന്റെ ഭാഷയാണ് പ്രാർത്ഥനയെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.