പഞ്ചഭൂതങ്ങളിൽ ഒന്ന് എന്നതിനാലാവണം മണ്ണ് ജീവനോളം ചേർന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ലോകത്തെ എല്ലാ സംസ്കൃതി പാഠങ്ങളിലും സ്വത്വത്തിൻ്റെ അന്വേഷണം ചെന്നെത്തുന്നതും മണ്ണിൽ തന്നെ. ഓരോരുത്തരും അവരവരുടെ വേരുകൾ പരതുന്നതും ജീവജലം വലിച്ചെടുക്കുന്നതും ചുവടുറപ്പിക്കുന്നതും ഒടുവിൽ വിലയം പ്രാപിക്കുന്നതും മണ്ണിലാണ്.
മനസ്സിൻ്റെ വ്യത്യസ്താനുഭവങ്ങൾ മണ്ണിലൂടെ അറിയാനാവും. നിരാശയുടെ മരുഭൂമിയും വികാര വിക്ഷോഭങ്ങളുടെ ഉരുൾ പൊട്ടലും മാത്രമല്ല പുതുമഴ വരവറിയിക്കുന്നതും പുതുനാമ്പ് മുളപൊട്ടുന്നതും പുതുവസന്തങ്ങൾ വിരിയുന്നതും മണ്ണിലൂടെയല്ലേ? മണ്ണിനെ അറിയാനും മണ്ണിൽ പൊന്ന് വിളയിക്കാനും മൺമറയും മുമ്പേ നമുക്കേവർക്കും കഴിയട്ടെ.