ശ്രീ ത്യാഗരാജ സ്വാമികൾ

കാലഘട്ടം കലയെ എങ്ങനെ നോക്കിക്കാണുന്നുവെന്നും, കാലം കലാകാരനെ എവ്വിധം മാറ്റിമറിക്കുന്നുവെന്നും, മെയ് മാസം 4 ന് തൻ്റെ വിവാദപദപ്രയോഗത്താൽ, കമലഹാസൻ കലാലോകത്തെ അറിയിച്ചു. ദുസ്സഹമായ വേദന, അപമാനം, ഗുരുനിന്ദ, നടുക്കം, അവജ്ഞ, അരിശം എന്നീ വ്യത്യസ്ത രാഗതാള ഭാവങ്ങളോടെ ഭാരതത്തിലെ സംഗീതജ്ഞർ അണിനിരന്നപ്പോൾ, ശ്രുതി പിഴച്ചത് ആർക്ക്? എവിടെ ? കാണാനാവാത്തതോ, കാണാത്തതോ, അജ്ഞത നടിക്കുന്നതോ അതോ പാമരത്വം തന്നെയോ?

തഞ്ചാവൂർ തെരുവീഥികളിൽ, പിച്ചയെടുത്ത് പാടി നടന്ന ത്യാഗരാജ സ്വാമികളെന്ന്, ഒരു പ്രസിദ്ധ ചലച്ചിത്ര താരം, രണ്ട് നൂറ്റാണ്ടിനിപ്പുറം, അഭിപ്രായപ്പെടുമ്പോൾ, കർണ്ണാടക സംഗീതത്തിൻ്റെ അപരനാമമായി വാഴ്ത്തപ്പെടുന്ന ത്യാഗരാജ സ്വാമികളെ, നോക്കിക്കാണേണ്ടതെങ്ങിനെയെന്ന്, ഭാരതത്തിലും, ലോകമെമ്പാടുമുള്ള സംഗീത പ്രേമികളും, സംസ്കൃതി പ്രവർത്തകരും ഗൗരവമായിത്തന്നെ ഇന്ന് ചിന്തിക്കുകയാണ്.

സംഗീതത്തിലൂടെ ഭക്തിയുടെ ഉദാത്തതലത്തിലെത്താമെന്നും, രാമഭജനത്തിലൂടെ ഈശ്വര സാക്ഷാത്ക്കാരം നേടാമെന്നും തെളിയിച്ച അവതാര തുല്യനായ ശ്രീ ത്യാഗരാജ സ്വാമികൾ, തമിഴ്നാട്ടിൽ, കാവേരീ തീരത്ത്, തിരുവയ്യാറിൽ തന്റെ ഇഷ്ടദേവനായ ശ്രീരാമനെ സംഗീതത്തിലൂടെ ഉപാസിക്കുകയായിരുന്നു. ത്യാഗരാജ രാമഭക്തി, നിസ്സീമവും, നിർമ്മലവും, സത്യവും, സമ്പൂർണ്ണ സമർപ്പിതവുമായിരുന്നു.

ഭാരതീയ വേദാന്തചിന്തകളെ തന്റെ രചനകളിലൂടെ, സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിൽ ലളിതമാക്കി, അനുയോജ്യ രാഗങ്ങളിലൂടെ ആലപിച്ചപ്പോൾ, അത് തിരുവയ്യാറിൽ മാത്രമല്ല, ഒരു സംസ്കൃതിയുടെ ഉണർത്തുപാട്ടായി ലോകം മുഴുവനും ഹൃദയത്തിലേറ്റി.

ലൗകീകഭോഗാസക്തികളിൽ നിന്നെല്ലാം മോചിതനായി, സംഗീത ബ്രഹ്മത്തിൽ, സ്വജീവിതം സമർപ്പിച്ച യോഗിയായ ത്യാഗരാജ സ്വാമികൾക്ക്, ഭക്തനും ഭഗവാനും ഭക്തിയും സംഗീതം തന്നെയായതിലത്ഭുതമില്ല. തൻ്റെ സംഗീതമിടിപ്പുകൾ, സപ്തസ്വരങ്ങളാക്കി, രാമനാമജപമായ് മാറ്റി, സംഗീതമെന്ന തീർത്ഥാടനം ജീവിത തപസ്യയാക്കിയ ഭാരതപുണ്യം!

1767 ൽ രാമബ്രഹ്മത്തിന്റേയും, സീതമ്മയുടേയും മകനായി തമിഴ്നാട്ടിലെ തിരുവാരൂരിൽ ജനിച്ച ത്യാഗരാജ സ്വാമികൾ, സീതമ്മ മായമ്മ (വസന്ത) എന്ന വളരെ പ്രസിദ്ധമായ കൃതിയിൽ സീതയാണെന്റെ അമ്മ, രാമൻ അച്ഛനും എന്നു പറയുമ്പോൾ, അത് സാക്ഷാൽ ശ്രീരാമചന്ദ്രനും, സീതാദേവിയും എന്ന് സുവ്യക്തം. ലഷ്മണൻ, ഭരതൻ, ഹനുമാൻ, ഗരുഡൻ ഒക്കെ സ്വന്തം സോദരൻമാർ എന്നും വിശദീകരിക്കുന്നുണ്ട് സ്വാമികൾ.

13 ാംവയസ്സിൽ ശ്രീരാമനെ സ്തുതിച്ചെഴുതിയ നമോ നമോ രാഘവായ (ദേശ്യ തോഡി) എന്ന കൃതി മുതൽ രാമഭക്തിയുടെ പ്രതീകമായി മാറി അദ്ദേഹം. സ്ഥിര വരുമാനമില്ലാതെ സംഗീതവും, രാമനാമ ജപവുമായി നടന്ന ത്യാഗരാജ സ്വാമികളുടെ രാമ വിഗ്രഹം, ജേഷ്ഠൻ കാവേരി നദിയിലെറിഞ്ഞതായും, കുളിക്കാനിറങ്ങിയ ത്യാഗരാജസ്വാമികൾക്ക് അത് തിരികെ കിട്ടിയതായും ആ സന്തോഷത്തിൽ രചിച്ച കൃതിയാണ് കനു കൊണ്ടിനി (ബിലഹരി) എന്നും പണ്ഡിത മതം! ജ്യേഷ്ഠൻ വിഗ്രഹം വലിച്ചെറിഞ്ഞ സ്ഥലത്ത് ജ്യേഷ്ഠൻ്റെ പൗത്രൻ മുങ്ങി മരിച്ചത്, ആകസ്മികമായ കർമ്മഫലവും!

രാജകീയ സുഖസമൃദ്ധി വേണ്ട എനിക്ക് രാമഭക്തി മാത്രം മതി എന്ന് രാജാവിനോട് പറഞ്ഞ്, അമൂല്യങ്ങളായ രാജസമ്മാനം തിരസ്കരിച്ച ത്യാഗരാജ സ്വാമികൾ, നിധി വേണ്ട ശ്രീരാമ സന്നിധി മതി എന്ന് പ്രഖ്യാപിച്ചു തൻ്റെ, നിധിച്സാല സുഖമാ (കല്യാണി) എന്ന കൃതിയിലൂടെ.

ഉഞ്ഛവൃത്തിയിലൂടെ, അതായത് ഉരലിൽ നിന്നും തെറിച്ചു വീഴുന്ന ധാന്യം മാത്രം, അല്ലെങ്കിൽ പാടത്ത് കൊയ്ത്ത് കഴിഞ്ഞ് വീണ് കിടക്കുന്ന ധാന്യമണികൾ ഭുജിക്കുകയെന്ന ഏറ്റവും പവിത്രമായ വ്രതമാചരിച്ച, ഭൗതീകതയുടെ സമ്പൂർണ്ണമായ നിരാസത്തിലൂടെ, അന്യൂന സന്യാസ നിഷ്കർഷയോടെ, സംഗീതാർച്ചന മാത്രം ജീവിതമാക്കി ത്യാഗരാജസ്വാമികൾ.

ഭാരതത്തിന്റെ പ്രസിഡണ്ടായിരുന്ന ഡോ.എസ്.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടത് ത്യാഗരാജനെന്നാൽ ത്യജിക്കുന്നവരുടെ രാജാവെന്നാണ്. ശാന്തിയിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കുമുള്ള മാർഗ്ഗമായ ത്യാഗം, സ്വാമികൾക്ക് ആത്മബലി തന്നെയായിരുന്നു. തിരുവയ്യാറിലെ ഗ്രാമവാസികളാകട്ടെ, ത്യാഗരാജ സ്വാമികളുടെ സംഗീതം കേൾക്കുകയും, അദ്ദേഹത്തിന് ഭക്ഷണം നൽകുകകയും ചെയ്തു ആത്മസാക്ഷാത്കാരം കൈവരിക്കുകയും ചെയ്തു.

250 വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ കൃതികളും സംഗീതവും, നാദോപാസകർ, അവരുടെ ഹൃദയതാളമായി ചേർത്തു പിടിക്കുന്നത്, തന്റെ ഓരോ കൃതിയിലൂടെയും കൃത്യമായ സന്ദേശങ്ങൾ സമൂഹത്തിനു നൽകുകയായിരുന്നു അദ്ദേഹം എന്നതിനാലാവാം.

സൊഗസുഗാ മൃദംഗ (ശ്രീരഞ്ജിനി) എന്ന കൃതിയിലൂടെ താളബോധത്തിന്റെ പ്രാധാന്യത്തെ സ്വാമികൾ വിശദീകരിക്കുന്നത്, സ്വരരാഗസുധാ (ശങ്കരാഭരണം) എന്ന കൃതിയിൽ സംഗീതത്തിന്റെ മഹിമയെപ്പറ്റി പറയുന്നത്, ഒക്കെ അത്ഭുതാദരങ്ങളോടെയല്ലാതെ ആസ്വദിക്കുക വയ്യ.

ത്യാഗരാജ സ്വാമികളുടെ ലാവണ്യ രാമചന്ദ്രാ (പൂർണ ഷഡ്ജം) എന്ന കീർത്തനം രവീന്ദ്രനാഥടാഗോറിൽ ചെലുത്തിയ സ്വാധീനത്തിൽ നിന്ന്, ടാഗോർ ഒരു സംഗീതകൃതി രൂപപ്പെടുത്തിയതായും സംഗീതപണ്ഡിതർ പരാമർശിക്കുന്നു.

തന്റെ സമാധിയെപ്പറ്റി വളരെ കൃത്യമായി ത്യാഗരാജ സ്വാമികൾക്ക് അറിവുണ്ടായിരുന്നതായി ഗിരി പൈ നെലകൊന്ന രാമുനി (ശഹന) എന്ന കൃതിയിൽ നമുക്ക് കാണാനാവും. രാമനിൽ ചേർന്ന് മോക്ഷം ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണത്.

നല്ല സംഗീതം, സാഹിത്യം, സനാതനമായ വേദാന്ത ദർശനം, ഇവ മൂന്നും സമഞ്ജസമായി, ഭക്ത്യധിഷ്ഠിതമായി സമ്മേളിച്ചാൽ അതാണ് ത്യാഗരാജ കീർത്തനത്തിൻ്റെ അന്ത:സത്ത. തന്റെ സ്വരവും സാഹിത്യവും രാമഭക്തിയിൽ ലയിപ്പിച്ച്, ആസ്വാദകർക്ക് പരമാനന്ദം പകർന്നു നൽകിയ വാഗ്ഗേയകാരൻ.

പകരക്കാരില്ലാതെ സിംഹാസനം ഒഴിഞ്ഞു പോയ, അനേക കലാ സാർവ്വഭൗമൻമാരിൽ അഗ്ര കേസരിയായി ഇന്നും സംഗീതത്തിൻ്റെ, സാഹിത്യത്തിൻ്റെ, സംസ്കൃതിയുടെ അരങ്ങിൽ വാഴുന്ന ഈ അസുലഭ പ്രതിഭയ്ക്ക്, ആസ്വാദക മനസ്സുകളിലുള്ള അചഞ്ചല ഭക്തിയൊന്നു മാത്രം മതി, ഏത് അപശ്രുതിക്കും നാദലയമൊരുക്കാൻ!