എല്ലാവരും കടന്നു പോകേണ്ടതും ആരുടേയും നിയന്ത്രണത്തിനധീനപ്പെടാത്തതുമാണ് കാലം. മനുഷ്യ ചരിത്രത്തിനു പോലും നിർവ്വചിക്കാനാവാത്തതും ആരാലും ഒരു നാളും നിയന്ത്രിക്കാനാവാത്തതുമത്രേ അനുസ്യൂതമായി ഭവിക്കുന്ന കാലപ്രവാഹം. ലഭിക്കുന്ന ഫലങ്ങളെച്ചൊല്ലി നല്ലതും ചീത്തയുമെന്ന് കാലത്തെ നാം വിലയിരുത്തുന്നു.
ഇഷ്ടമുള്ളവർക്കൊപ്പമെങ്കിൽ ക്ഷണികവും മറിച്ചായാൽ ദീർഘവുമെന്നും കാലത്തെ പരിഗണിക്കുന്നവരുണ്ട്. ഭാവി വർത്തമാന ഭൂതങ്ങളിൽ കുരുങ്ങി നിലയില്ലാക്കാലത്തിൽ അകപ്പെടുന്നവരുമുണ്ട്. ലോകത്തിന് ശ്രേയസ്സുണ്ടാവാൻ തൻ്റെ നല്ല കാലമത്രയും സമർപ്പിക്കുന്നവരേയും കാണാനാവും. തനിക്കായി സദ്ക്കാലം സ്വയം ചിട്ടപ്പെടുത്താനും അപരന് അതിന് വഴിയൊരുക്കാൻ സഹായിക്കാനും നമുക്കേവർക്കും സാധിക്കട്ടെ.